കെട്ടിട ഗ്രാന്റ്

കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാലാ സംഘം) ചട്ടങ്ങളുടെ 118, 119 വ്യവസ്ഥകള്‍
അനുസരിച്ചാണ് കെട്ടിട ഗ്രാന്റ്‌നല്‍കുന്നത്.
സ്വന്തം സ്ഥലമുള്ളതും തുടര്‍ച്ചയായി വാര്‍ഷിക ഗ്രാന്റ് ലഭിക്കുന്നതുമായ ഗ്രന്ഥശാലകള്‍ക്കാണ് കെട്ടിട ഗ്രാന്റ്‌നല്‍കുന്നത്. പ്ലിന്തേരിയ 61 ചതുരശ്ര മീറ്ററിന് താഴെയുള്ള ലോവര്‍ ടൈപ്പ് കെട്ടിടങ്ങള്‍ക്ക്
പി.ഡബ്ല്യൂ.ഡി. നിരക്കിന്റെ 50 ശതമാനമൊ 50000 രൂപയോ ഏതാണ് കുറവ് അത് നല്‍കും. പ്ലിന്തേരിയ
61 ചതുരശ്ര മീറ്ററില്‍ കൂടിയവയ്ക്ക് എസ്റ്റിമേറ്റിന്റെ 50 ശതമാനമൊ 5 ലക്ഷം രൂപയോ ഏതാണ് കുറവ് അത് നല്‍കും. ലോവര്‍ ടൈപ്പ് കെട്ടിടങ്ങള്‍ക്ക് എക്സ്റ്റന്‍ഷന്‍ ഗ്രാന്റ് പരമാവധി 1,00,000/- രൂപ. കെട്ടിട ഗ്രാന്റ് സംബന്ധിച്ച ലഘുലേഖയ്ക്ക് 10 രൂപയുടെ മണിയോര്‍ഡര്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, കെ. അനിരുദ്ധന്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ അയയ്ക്കണം. 25 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമല്ലെന്നുള്ള പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം എഞ്ചിനീയറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഹയര്‍ടൈപ്പ് വിഭാഗത്തില്‍ പരമാവധി 5,00,000 രൂപയും ലോവര്‍ടൈപ്പ് വിഭാഗത്തില്‍ 50,000/- രൂപയും കെട്ടിട ഗ്രാന്റായി അനുവദിക്കുന്നതാണ്.
പ്ലാനിനും എസ്റ്റിമേറ്റിനും സ്ഥലത്തെ പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം എഞ്ചിനീയറുടെ സര്‍ട്ടിഫിക്കറ്റ് വേണം. ഇതിന് തുകയുടെ വ്യത്യാസമനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എഞ്ചിനീയറുടെ റാങ്കിലും വ്യത്യാസമുണ്ട്. വാല്യുവേഷന്‍ 50,000/- രൂപ മുതല്‍ 1,50,000/- രൂപവരെ അസിസ്റ്റന്റ്
എഞ്ചിനീയര്‍, 6,00,000രൂപവരെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, 15,00,000/- രൂപവരെ
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, 55 ലക്ഷം രൂപവരെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍. ലൈബ്രറിയുടെ വസ്തു ലൈബ്രറി പ്രസിഡന്റിന്റെ കൈവശാവകാശത്തിലാണ് എന്ന തഹസീല്‍ദാരുടെ സര്‍ട്ടിഫിക്കറ്റും
സ്ഥലത്തിന് ബാധ്യതയില്ലെന്ന് സബ്‌രജിസ്ട്രാറുടെ 13 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റും വേണം. താലൂക്ക് - ജില്ലാ ലൈബ്രറി കൗണ്‍സില്‍ ശുപാര്‍ശയോടെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് അപേക്ഷ
അയക്കണം. അപേക്ഷയ്ക്ക് പ്രത്യേക മാതൃകയില്ല. മൂന്നു ഗഡുക്കളായാണ് ഗ്രാന്റ് നല്‍കുക. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനുള്ള പരമാവധി കാലാവധി പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ച തീയതി മുതല്‍ മൂന്നുവര്‍ഷമാണ്. കെട്ടിടം മൂന്നില്‍ രണ്ടുഭാഗം പൂര്‍ത്തിയാകുമ്പോള്‍ ആദ്യഗഡു നല്‍കും. ആദ്യ
തവണ വിനിയോഗം സംബന്ധിച്ച പ്രോഗ്രസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ രണ്ടാം ഗഡുവും,
കംപ്ലീഷന്‍ & വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മൂന്നാം ഗഡുവും ലഭിക്കും. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുമ്പ് പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിച്ച് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം വാങ്ങണം 

ഗ്രന്ഥശാല ദുരിതാശ്വാസ ഗ്രാന്റ്


തീപിടിത്തം, പ്രകൃതിക്ഷോഭം, അക്രമം തുടങ്ങിയവമൂലം നാശനഷ്ടം സംഭവിക്കുന്ന ഗ്രന്ഥശാലകള്‍ക്ക് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് / എഫ്.ഐ.ആറിന്റെ പകര്‍പ്പ്, പത്ര റിപ്പോര്‍ട്ട്, നാശനഷ്ടം ബോധ്യമാക്കുന്ന ഫോട്ടോഗ്രാഫുകള്‍, ജില്ലാ ലൈബ്രറി ഓഫീസറുടെയും സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെയും പരിശോധന റിപ്പോര്‍ട്ട് എന്നിവ സഹിതം താലൂക്ക് - ജില്ലാ കൗണ്‍സിലുകളുടെ ശുപാര്‍ശയോടുകൂടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ദുരിതാശ്വാസ ഇനത്തില്‍ 80 ശതമാനം തുക കൗണ്‍സില്‍ അനുവദിക്കും.

ഗ്രന്ഥശാല പുനരുദ്ധാരണ ഗ്രാന്റ്


ഈ ഗ്രാന്റ് പ്രവര്‍ത്തനം നിലച്ചുപോയ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കുന്നതിനാണ്. പ്രവര്‍ത്തനം നിലച്ചിട്ട് കുറഞ്ഞത് 5 വര്‍ഷമെങ്കിലും ആയതും സ്വന്തം കെട്ടിടമുള്ളതുമായ ഗ്രന്ഥശാലകളെ മാത്രമെ ഇതിലേയ്ക്ക് പരിഗണിക്കുകയുള്ളു. രജിസ്റ്ററുകള്‍, പുസ്തകശേഖരം വര്‍ദ്ധിപ്പിക്കല്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയ്ക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുന്ന തുക പുനരുദ്ധാരണ ഗ്രാന്റായി അനുവദിക്കും.